ദമാമിൽ വധശിക്ഷയ്ക്ക് വിധേയനായഅബൂട്ടി മയക്കുമരുന്ന് മാഫിയയുടെ ചതിയിൽപ്പെട്ടോ? ഞെട്ടലോടെ ബന്ധുക്കളും പ്രവാസ ലോകവും



തലശേരി: മയക്കുമരുന്ന് കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടഅബൂട്ടി വള്ളിയിലിൻ്റെ (41) പ്രവാസ ജീവിത ദുരന്തം ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാനോവായി മാറി. ന്യൂമാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടിയെ മയക്കുമരുന്ന് മാഫിയ ചതിയിൽപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
ദമാമിലെ അൽ അഹ്സജയിലിൽ കഴിയവെയാണ് അബൂട്ടിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
 മാരക ലഹരിമരുന്ന് കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് അബൂട്ടിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കിയത്.നാട്ടിലേക്ക് മടങ്ങിവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അബൂട്ടിയുടെ ജീവിതം അപ്രതീക്ഷിതമായി മാറിയത്. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴിന് കരിപ്പൂരിലെത്തുമെന്നും അബൂട്ടി തൻ്റെ വീട്ടുകാരെ അറിയിച്ചിരുന്നു. യുവാവിനെ വരവേൽക്കാൻ കുടുംബം വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അബൂട്ടി എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു.
എംബസി അധികൃതർ എയർ ഇന്ത്യ ഓഫിസുമായും റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായും ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു യാത്രക്കാരൻ അന്നേദിവസം വിമാനത്തിൽ കയറിയിട്ടില്ലെന്ന വിവരം അറിയുന്നത്. റിയാദിലെ സ്റ്റേഷനുകളിലും ആശുപ്രതികളിലും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഐസിഎഫ് പ്രവർത്തകൻ ഇബ്രാഹീം കരീം ഉൾപ്പെടെയുള്ള നിരവധി സാമൂഹിക പ്രവർത്തകരും കുടുംബവും വിഷയം സജീവമായി ഇടപെട്ടതോടെ ഇന്ത്യൻ എംബസി
എംബസി വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അന്വേഷണം പുരോഗമിക്കവെയാണ് അൽ അഹ്സ ജയിൽ സന്ദർശിക്കാൻ എംബസി പ്രതിനിധികളായ യൂസഫ് കാക്കഞ്ചേരിക്കും രാജീവ് സിക്രിക്കും അനുമതി ലഭിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട 202 ഇന്ത്യൻ തടവുകാരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടയിലാണ് ശോകമൂകനായി ഇരിക്കുന്ന മലയാളി യുവാവ് യൂസഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
പേര് ചോദിച്ചപ്പോഴാണ് രണ്ടാഴ്ചയായി എംബസിയും ബന്ധുക്കളും തെരയുന്ന അബൂട്ടി വള്ളിയിലാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്ന് ഇവർക്ക് വ്യക്തമായത്. അരമണിക്കൂറോളം യൂസഫ് കാക്കഞ്ചേരി അബൂട്ടിയോട് കാര്യങ്ങൾ സംസാരിച്ചു.
ഒമാനിൽ നിന്ന് ഒരു ലാൻഡ് ക്രൂയിസർ കാറുമായി സൗദിയിലേക്ക് പുറപ്പെടാൻ സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് അബൂട്ടി യാത്ര തിരിച്ചത്. വാഹനം സൗദിയിലെത്തിച്ചാൽ സുഹൃത്തിന് കൈമാറി നാട്ടിലേക്ക് പോകാമെന്നായിരുന്നു ധാരണ.
എന്നാൽ ഒമാൻ-സൗദിഅതിർത്തി പ്രദേശമായ 'ഉമ്മു റമൂൽ' വച്ച് സൗദി ലഹരിമരുന്ന് എൻഫോഴ്സസ്മെന്റ് വിഭാഗം വാഹനം തടയുകയും അബൂട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
പരിശോധനയിൽ, വാഹനത്തിന്റെ ഇരട്ട പെട്രോൾ ടാങ്കുകളിലൊന്നിൽ  43 കിലോ മെത്താഫെറ്റമിൻ എന്ന മാരക ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിനുള്ളിൽ മയക്കുമരുന്നുണ്ടെന്ന വിവരം അബൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 
അൽ അഹ്സ വിചാരണ കോടതി അബൂട്ടിക്ക് 25 വർഷത്തെ തടവും ഒരു മില്യൻ റിയാൽ പിഴയുമാണ് ആദ്യം ശിക്ഷ വിധിച്ചത്. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകിയതോടെ, അപ്പീൽ കോടതി ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. 2012ൽ മൂന്ന് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം, 14 വർഷത്തിന് ശേഷമാണ് ലഹരിമരുന്ന് കേസിൽ മറ്റൊരു മലയാളി കൂടി സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാകുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം